പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി യുദ്ധ വകുപ്പ് എന്ന പേരിലായിരിക്കും അറിയപ്പെടുക. പ്രതിരോധ സെക്രട്ടറി ഇനിമുതൽ സെക്രട്ടറി ഓഫ് വാർ എന്ന പേരിലും അറിയപ്പെടും. 1789 നും 1947 നും ഇടയിൽ ഉപയോഗിച്ചിരുന്ന പദാവലി പുനരുജ്ജീവിപ്പിക്കുന്നതാണ് ഈ തീരുമാനം. പാരമ്പര്യത്തിലേക്കും ശക്തിയിലേക്കുമുള്ള തിരിച്ചുവരവാണിതെന്ന് ട്രംപ് പ്രതികരിച്ചു.
‘ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ നമ്മൾ ജയിച്ചു. അതിന് മുമ്പും ഇടയിലുമെല്ലാം നമ്മൾ ജയിച്ചു. ജാഗ്രത ഇനിയും തുടരുക. അതുകൊണ്ട് പേര് പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പാക്കി മാറ്റി. എല്ലായിടത്തും നമ്മൾ ജയിക്കേണ്ടതായിരുന്നു, എല്ലാ യുദ്ധങ്ങളിലും നമ്മൾക്കു ജയിക്കാമായിരുന്നു. പക്ഷെ, നമ്മൾ തിരഞ്ഞെടുത്തത് രാഷ്ട്രീയ ശരികേടുകളായിരുന്നു’ ട്രംപ് പറഞ്ഞു.
ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസ് ഇതിനകം തന്നെ പ്രതീകാത്മക മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിട്ടുണ്ട്. പെന്റഗണിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ defense.gov-ലേക്കുള്ള സന്ദർശകരെ പുതിയ ബ്രാൻഡിംഗ് ഉൾപ്പെടുത്തുന്നതിനായി ഇപ്പോൾ war.gov-ലേക്ക് റീഡയറക്‌ട് ചെയ്യുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തീരുമാനത്തെ പരസ്യമായി പ്രശംസിച്ചു.