അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നുവെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിലായി ഡ്രോണുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
എല്ലാ ജില്ലകളിലെയും ഡ്രോണുകളുടെ പ്രവർത്തനം അവലോകനം ചെയ്ത് നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അനധികൃതമായി ഡ്രോൺ ഉപയോഗം നിരീക്ഷിക്കുന്നതിനായി കൃത്യമായ സംവിധാനം നടപ്പിലാക്കണമെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനും മുഖ്യമന്ത്രി നിർദേശം നൽകി. ക്രമസമാധാനത്തിനും പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രശ്നബാധിത മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഡ്രോൺ പറക്കൽ ദൃശ്യമായിരുന്നു. ഇത് വലിയ തോതിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.