തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്.
അതേ സമയം, ചൊവ്വാഴ്ച സ്വകാര്യ ബസ് സമരവും ബുധനാഴ്ച ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രണ്ട് ദിവസം ജനജീവിതം താറുമാറാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എട്ടാം തീയതി സംസ്ഥാനത്ത് സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല സമരവുമാണ് സ്വകാര്യ ബസ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ഗതാഗത മന്ത്രി തയ്യാറാവുന്നില്ലെന്ന് ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെര്‍മിറ്റ് പോലും പുതുക്കി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചിരുന്നു
ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകൾ മാധ്യമങ്ങളോട് പറഞ്ഞു.
ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകൾ പറയുന്നു. പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.