രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് തൊട്ടു പിന്നാലെ തിരുവനന്തപുരത്ത് ബിജെപി മുൻ ജില്ലാ അധ്യക്ഷൻ വി.വി രാജേഷിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ജില്ലയിലെ ബിജെപിയുടെ മറ്റൊരു പ്രമുഖ നേതാവിന് സംഭവത്തിൽ പങ്കുള്ളതിൻ്റെ തെളിവുകൾ പോലിസ് കൈവശം ഉള്ളതായി സൂചനയുണ്ട്.
നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യശാല,വലിയശാല മേഖലയിലെ പ്രവർത്തകരാണ് മൂന്നു പേരും. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറെ തോൽപ്പിക്കാൻ രാജേഷ് ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.
ഇതിനെതിരെ വി.വി. രാജേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. രാജീവ് ചന്ദ്രശേഖറും വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് പ്രതികരിച്ചിരുന്നു.