കോട്ടയം: തിരുവാതിൽക്കലിൽ വ്യവസായിയെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. ഇന്ന് രാവിലെ 8.45-ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍.
രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി അക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതിൽ തകർത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതിൽ തകർത്തത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും.
വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ വർഷങ്ങൾക്ക് മുമ്പ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വീട്ടിൽ മോഷണശ്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.