തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപം ഉന്നയിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ മുന്നിൽ ഹിയറിംഗിന് ഹാജരായി. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്‌ത്തി വച്ചെന്നും ഹിയറിംഗിന് ശേഷം പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു പ്രശാന്ത് ഇന്നലെ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ ഹിയറിംഗിന് ഹാജരായത്. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഹിയറിംഗ് രണ്ടുമണിക്കൂർ നീണ്ടു. അച്ചടക്കനടപടി സംബന്ധിച്ച് പ്രശാന്തിന്റെ ഭാഗം വിശദീകരിക്കാനായിരുന്നു ഹിയറിംഗ്. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. മുഖ്യമന്ത്രിയാണ് തുടർ നടപടി സ്വീകരിക്കേണ്ടത്. കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്നത്തെ ഹിയറിംഗിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിംഗിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:
- ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വച്ച്, അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വച്ച എന്റെ പ്രമോഷൻ ഉടനടി നൽകണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.
- ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.
- ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും പ്രമുഖ പത്രത്തിനും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.