ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വന്നുപോകാവുന്ന വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീളുകയായിരുന്നു.ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞയാഴ്ച വിഴിഞ്ഞത്ത് എത്തിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം തുറമുഖത്തിന്റെ ചരക്ക് കയറ്റിറക്കു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
പി.പി.പി. മാതൃകയില്‍ പണി പൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ തുറമുഖനിര്‍മാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.