യേശു ക്രിസ്തുവിന്റെ അന്ത്യാത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം.
ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും നടക്കും. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകളുണ്ട്. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍ കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്.
പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം ദേവാലയങ്ങളിലും ഭവനങ്ങളിലും നടക്കും. ശിഷ്യന്മാരുമൊത്ത് അവസാനമായി യേശു ചിലവഴിച്ച നിമിഷങ്ങളുടെയും തന്റെ ഓര്‍മ്മയ്ക്കായി അവരെ ഏല്‍പ്പിച്ച പൈതൃകത്തിന്റെയും ഭാവി തലമുറകള്‍ക്കുവേണ്ടി പറഞ്ഞേല്‍പ്പിച്ച ശാസനകളുടെയുമെല്ലാം ഓര്‍മ്മ പുതുക്കുന്ന സമയമാണത്.