കണ്ണൂർ: കെ കെ രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഎം നിയോഗിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കെ കെ രാഗേഷ് രാജിവച്ചു.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എം പിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും സജീവമായി ഇടപെട്ടിരുന്നു.
സിപിഎമ്മിൻ്റെ ഏറ്റവും കരുത്തുറ്റ ജില്ലാ ഘടകത്തിന്റെ അമരത്തേക്ക് കെ കെ രാഗേഷ് വരുന്നതോടെ നേതൃതലത്തിൽ തലമുറമാറ്റം കൂടിയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്ക് എത്തിയ ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതല വഹിച്ചിരുന്നവരായിരുന്നു.