പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നൽകിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണൽ എസ്‍പി ആര്‍ ബിനു പറഞ്ഞു.
2020 സെപ്റ്റംബർ അഞ്ചിനാണ് കൊവിഡ് സെൻററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാൾ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചത്. പത്തനംതിട്ട പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിച്ച കേസിലാണ് കോടതിയുടെ ശിക്ഷാവിധി പുറത്തുവന്നത്. കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.