തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ ഇന്ന് മുതൽ കൂട്ട ഉപവാസത്തിന് ഒരുങ്ങുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ട ഉപവാസം. സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശാവർക്കർമാർ അറിയിച്ചിട്ടുണ്ട്. സമരപന്തലിൽ മൂന്നുപേർ നിരാഹാരമിരിക്കുന്നുണ്ട്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, കെ.പി തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇവർക്ക് പിന്തുണ അറിയിച്ചാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.
ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. ഓണറേറിയം വർധന അടക്കമുള്ള ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി കിട്ടിയാൽ കാണുമെന്നും ആശാമാരുടെ ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ പ്രധാന ആവശ്യങ്ങൾ ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഇവ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ.