നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാം പാദത്തിൽ (ഒക്ടോബർ ഡിസംബർ) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 6.2 ശതമാനം വളർച്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ പാദത്തിൽ ഇന്ത്യയുടെ ജിഡിപി മൂല്യം 47.17 ലക്ഷം കോടി രൂപയാണ്. 2023-24 സാമ്പത്തിക വർഷത്തിലെ സമാനപാദത്തിലെ 44.44 ലക്ഷം കോടി രൂപയേക്കാൾ 6.2 ശതമാനം വളർച്ചയാണ് നേടിയത്.
2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദമായ ജൂലൈ സെപ്റ്റംബറിൽ 5.4 ശതമാനമായിരുന്നു വളർച്ചാനിരക്ക്. എഴ് ത്രൈമാസങ്ങൾക്കടയിലെ ഏറ്റവും മോശമായ നിരക്കായിരുന്നു ഇത്. ഇടത്തരം കുടുംബങ്ങൾ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും നഗരങ്ങളിലെ ഉപഭോക്തൃ ചെലവഴിക്കലുകളുമാണ് രണ്ടാം പാദത്തിൽ തിരച്ചടിയായത്. അതേസമയം പുതിയ റിപ്പോർട്ടിൽ രണ്ടാം പാദ വളർച്ചാ നിരക്ക് 5.6 ശതമാനമായി പുനർ നിർണയിച്ചിട്ടുണ്ട്.
മികച്ച മൺസൂൺ, ഗ്രാമീണ ഉപഭോഗം മെച്ചപ്പെട്ടത്, സർക്കാർ പദ്ധതി ചെലവുകളിലെ വർദ്ധനവ് എന്നിവയാണ് കഴിഞ്ഞ പാദത്തെ (ഒക്ടോബർ-ഡിസംബർ) വളർച്ചയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ. മൂന്നാം പാദത്തിലെ വളർച്ചയുടെ ഭൂരിഭാഗവും കാർഷിക, സേവന മേഖലകളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. കാർഷിക വളർച്ച മുൻ പാദത്തിലെ 4.1 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. സേവന മേഖല മുൻ പാദത്തിലെ 7.2 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി വേഗത്തിൽ വളർച്ച കൈവരിച്ചു. അതേസമയം മാനുഫാക്ചറിംഗ് മേഖല 14 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് ഇടിഞ്ഞു
സ്വകാര്യ, സർക്കാർ ഉപഭോഗത്തിൽ വർധനവുണ്ടായെങ്കിലും, മുൻ പാദത്തിലെ 5.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, മൂലധന രൂപീകരണം 5.7 ശതമാനമായി തുടർന്നു. ഖനന മേഖളയുടെ വളർച്ച 4.7ൽ നിന്ന് 1.4 ശതമാനത്തിലേക്കും നിർമ്മാണ മേഖല 10ൽ നിന്ന് 7 ശതമാനത്തിലേക്കും താഴ്ന്നു. വൈദ്യുതി ഗ്യാസ് ജലവിതരണം മറ്റു യൂട്ടിലികൾ എന്നിവ ഉൾപ്പെടുന്ന ഭാഗത്തിന്റെ വളർച്ച നിരക്ക് 10.1 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് താഴ്ന്നു. വ്യാപാരം ഹോട്ടൽ ഗതാഗതം കമ്മ്യൂണിക്കേഷൻ ബ്രോഡ്കാസ്റ്റിംഗ് എന്നിവ ഉൾപ്പെടുന്ന മേഖലയുടെ വളർച്ച നിരക്ക് എട്ടിൽ നിന്ന് 6.7 ശതമാനത്തിലേക്കും ധനകാര്യം, റിയൽ എസ്റ്റേറ്റ് ,പ്രൊഫഷണൽ സേവനങ്ങൾ എന്നീ മേഖലയുടെ വളർച്ചാ നിരക്ക് 8.4ൽ നിന്ന് 7.2ശതമാനത്തിലേക്കും താഴ്ന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം( 2023-24) ഡിസംബർ പാത വളർച്ച നിരക്ക് 8.6 ശതമാനം ആയിരുന്നു. 2022-23ലെ ആദ്യപാദം മുതലുള്ള വളർച്ച നിരക്ക് പുനർനിർണയിച്ചിട്ടുണ്ട്. ഇതുപ്രകാരം 2023 24 ഡിസംബർ പാദ വളർച്ച നിരക്ക് 9.5ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) സംയോജിത ജിഡിപി വളർച്ചാ നിരക്ക് 6.5 ശതമാനമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന നേട്ടം ഇന്ത്യ കഴിഞ്ഞ പാദത്തിലും നിലനിർത്തി. ചൈന 5.4%, യുഎസ് 2.3% ,യുകെ 0.1% , ജപ്പാൻ 2.8% എന്നിങ്ങനെയാണ് വളർച്ച രേഖപ്പെടുത്തിയത്.