കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (16) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയില്‍ കഴിയവേ രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. പ്രദേശത്തെ ട്യൂഷൻ സെന്ററിൽ ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ പോരടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച വൈകീട്ട് സംഘർഷം ഉണ്ടായത്. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഷഹബാസിന്‍റെ തല തല്ലിപ്പൊളിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍സെന്‍ററിലെ യാത്രയയപ്പ് പരിപാടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നൃത്തം ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർസെക്കന്‍ഡറി സ്കൂളിലെ ചില വിദ്യാർത്ഥികൾ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.
എന്നാൽ എംജെ സ്കൂളിലെ വിദ്യാർത്ഥികൾ അടുത്ത ദിവസം ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഇത് ചോദ്യം ചെയ്യാൻ തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് 5ന് ട്യൂഷൻ സെന്ററിന് സമീപമെത്തണമെന്ന് ഗ്രൂപ്പിൽ സന്ദേശം അയച്ചു. അവിടെ എത്തിയ 15 വിദ്യാർത്ഥികളാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായി ഏറ്റുമുട്ടിയത്. ഈ ഏറ്റുമുട്ടലിനിടെയാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. പുറമേ കാര്യമായ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കള്‍ നല്‍കിയതാണോയെന്ന സംശയംതോന്നി വീട്ടുകാര്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് രാത്രി 7 മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തലയ്ക്ക് ക്ഷതമേറ്റ ഷഹബാസ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടിവള, നഞ്ചക് തുടങ്ങിയ ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചെന്ന് പോലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിൻ്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.