ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തിൽ കഴിയുന്ന ശശി തരൂർ എം പിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ജനങ്ങൾ അകന്നുപോയിട്ടുണ്ടെങ്കിൽ പാർട്ടിയെ വിമർശിക്കുന്നതിന് പകരം തിരുവനന്തപുരത്ത് താമസിച്ച് പ്രവർത്തിക്കുകയാണ് ശശി തരൂർ ചെയ്യേണ്ടതെന്ന് പി ജെ കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടതെന്നും ശശി തരൂർ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ വിദേശത്താണെന്നും കുര്യൻ വിമർശിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത. അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട എസ് സോമനാഥിനെ നേതാവാക്കിയാൽ മതിയല്ലോ എന്നും കുര്യൻ ചോദിച്ചു.
‘ശശി തരൂർ കൂടുതൽ സമയവും വിദേശത്താണെന്ന് ആർക്കാണറിയാത്തത്? കേരളത്തിലെ നേതാവാകണമെങ്കിൽ ജനങ്ങളുടെ നേതാവാകണം. എം പി ആയെന്നുവെച്ച് നേതാവാകില്ല. ജനങ്ങളുടെ നേതാവാകണമെങ്കിൽ പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കണം. ഒരിക്കലും ഒരു സൂപ്പർമാനല്ല നേതാവ്. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് യോഗ്യതയെങ്കിൽ അതിനേക്കാൾ കൂടിയ യോഗ്യതയുള്ളവർ ഇന്ത്യയിൽ ഇല്ലേ? ഇന്ത്യയിൽ ബുദ്ധിജീവികളില്ലേ? ചന്ദ്രനിലേക്ക് സാറ്റലൈറ്റ് അയച്ച സോമനാഥ് മലയാളിയല്ലേ?’- പി ജെ കുര്യൻ പരിഹസിച്ചു.
ശശി തരൂർ കൂടുതൽ സമയവും വിദേശത്താണ്. അദ്ദേഹത്തെ തിരുവനന്തപുരത്ത് കിട്ടാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തരൂർ തിരുവനന്തപുരത്ത് താമസിച്ചിട്ട് സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. സാധാരണ ജനങ്ങളുടെ പരിപാടികളിൽ പങ്കെടുക്കണം. അദ്ദേഹം ഇപ്പോൾ പറയുന്നതിലൊന്നും ഒരു കാര്യവുമില്ലെന്നും കുര്യൻ പറഞ്ഞു. രാഷ്ട്രീയ നേതൃത്വം എന്നുപറയുന്നത് ജനങ്ങളോടൊത്തുചേർന്ന് പ്രവർത്തിച്ചിട്ടുണ്ടാവുന്നതാണ്. അടിത്തട്ടിൽനിന്ന് പ്രവർത്തിച്ചുവരുന്നയാളാണ് നേതാവ്. അല്ലാതെ നിർബന്ധപൂർവം ഉണ്ടാക്കിയെടുക്കുന്നതല്ലെന്നും പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.
അതേസമയം ശശി തരൂരിന് കോൺഗ്രസിൽ നിർണ്ണായക പദവി നൽകിയേക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും എന്നായിരുന്നു റിപോർട്ടുകൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത പദവിയാണിത്. ഇവിടെ ശശി തരൂരിനെ നിയമിക്കാനാണ് നീക്കം നടത്തിയിരുന്നത്. നിലവിൽ അസമിൽ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിൽ കഴിയുന്ന ശശി തരൂരിനെപോലുള്ള ഒരു നേതാവിനെ പാർട്ടിക്കൊപ്പം ഉറപ്പിച്ച് നിർത്തുന്നതിന് വേണ്ടിയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. ലോക്സഭ ഉപനേതാവ് പദവിയിലേക്ക് പരിഗണിച്ചാൽ തരൂരിന്റെ പിണക്കം ഒരുവിധത്തിൽ മാറുമെന്നാണ് നേതൃത്വം കരുതുന്നത്.