തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളുടെ മാനസിക നില പരിശോധിക്കാനായി പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. ആദ്യഘട്ടത്തിൽ ചികിത്സയോട് സഹകരിക്കാതെ ഇരുന്ന അഫാൻ ഇപ്പോൾ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതി അഫാൻ്റെ മാതാവ് ഷെമിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ആക്രമണത്തിൽ അതിഗുരുതരമായ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനാലാണ് മൊഴി എടുക്കാൻ പൊലീസിന് അനുമതി ലഭിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വർണ്ണഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.
കൊലയ്ക്കിടെ പ്രതി മുത്തശ്ശിയുടെ മാല പണയം വച്ച് കിട്ടിയ തുകയിൽ നിന്നും കടം വീട്ടിയിരുന്നു. ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് വിവരം. അതേസമയം, കാമുകി ഫർസാനയുടെ മാലയും അഫാൻ പണയപ്പെടുത്തിയെന്നാണ് വിവരം. ഇതിന് പകരമായി മുക്കുപണ്ടം നൽകുകയായിരുന്നു. മാലയെടുത്ത് തരണമെന്ന് ഫർസാന ഇയാളോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.