ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. നിലവിലെ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. ശ്വാസകോശ അണുബാധയ്ക്കും ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് 88 വയസ്സുള്ള മാർപാപ്പ. പ്രായാധിക്യം രോഗത്തെ കൂടുതൽ സങ്കീർണമാക്കിയതായാണ് റിപ്പോർട്ട്. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ഈയാഴ്ചത്തെ മാർപ്പാപ്പയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയിൽ മാറ്റം ആവശ്യമാണെന്നും വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. റോമിലെ ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണ് പ്രാർത്ഥനകളോടെ നിൽക്കുന്നത്. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർപാപ്പയും അഭ്യർത്ഥിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് വെള്ളിയാഴ്ചയോടെ പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി 17ന് നടത്തിയ പരിശോധനകളിൽ പോപ്പിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നും വത്തിക്കാൻ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. കാൽമുട്ടുകളിലെ വേദനയുൾപ്പെടെ ഉള്ളതിനാൽ വീൽചെയർ മാർപ്പാപ്പ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികത്വം വഹിക്കും.