പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ പ്രതികളായ അനന്തു കൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലാണ് ലാലി വിൻസെന്റ് താമസിക്കുന്നത്. അവരുടെ ഓഫീസും ഇവിടെ തന്നെയാണുള്ളത്. ഇന്ന് പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള 60ൽ അധികം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
മൊത്തത്തിൽ 159 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് ഇഡി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽനിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.
സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന വന്‍തട്ടിപ്പില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയും വലിയ തുകയാണ് കോണ്‍ഗ്രസ് നേതാവിന് നല്‍കിയതെന്ന് വ്യക്തമായത്. അതേസമയം, തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്നും ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും വലിയ തുക വക്കീല്‍ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാർ ദേശീയ ചെയർമാൻ ആയ ദേശിയ എൻജിയോ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.