സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ബത്തേരി നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് കൊല്ലപ്പെട്ട്. ഇന്നലെ വൈകിട്ടാണ് കാട്ടാന മനുവിനെ ആക്രമിച്ചത്. കടയിൽ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പാടത്ത് മരിച്ച നിലയിൽ മനുവിനെ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന രണ്ടാമത്തെ കാട്ടാന ആക്രമത്തിലെ മരണം ആണ് ഇത്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂൽപ്പുഴ.
ഇടുക്കി ചെന്നാപ്പാറയിയൽ അരുവിയിൽ കുളിക്കാൻ പോയ വീട്ടമ്മയെ ചവിട്ടിക്കൊന്ന ദാരുണമായ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബത്തേരി നൂൽപ്പുഴ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട വാർത്ത കേട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് ആദ്യം കൊല്ലപ്പെട്ടത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.
അഞ്ചു ദിവസം മുൻപാണ് ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടത്. ആദിവാസിയായ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയതായിരുന്നു വിമൽ അടക്കം ഒമ്പതംഗ സംഘം. സംഘത്തിന് പിന്നിലായിരുന്ന വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മരത്തിന്റെ മറവിൽ നിന്ന് ആന തുമ്പിക്കൈ കൊണ്ട് വിമലിനെ നിലത്തടിച്ചു കൊല്ലുകയായിരുന്നു.
കാട്ടാന ആക്രമണത്തിൽ വിദേശ പൗരൻ കൊല്ലപ്പെട്ടതും ദിവസങ്ങൾക്കു മുൻപാണ്. കഴിഞ്ഞ ജനുവരിയിലും നിരവധി പേർ കാട്ടാന ആക്രമണത്തിലും കടുവ ആക്രമിച്ചുമൊക്കെ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളിൽ 8 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.