ആദ്യമായി യുഎഇയിൽ ബൈക്ക് ടൂർ നടത്തിയ ആവേശത്തിലാണ് ഇന്ത്യയിൽ നിന്നെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ബൈക്ക് യാത്ര സംഘം. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു മോട്ടോർ സൈക്കിൾ ടൂർ യുഎഇയിൽ നടക്കുന്നത്. ഇന്ത്യയിലെ 8 പ്രമുഖ ബൈക്ക് റൈഡേഴ്‌സ് ആണ് ഈ യാത്രയിൽ പങ്കെടുത്തത്. റോയൽ എൻഫീൽഡിൻ്റെ ഇന്ത്യയിലെ ഒഫീഷ്യൽ റെൻ്റൽ പാർട്ണർ ആയ റൈഡ് ഓൺ, യുഎഇ യിലെ ടൂർസ് ആൻഡ് ട്രാവൽ കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് ബൈക്ക് ടൂർ സംഘടിപ്പിച്ചത്.
ജനുവരി 31 ന് ആരംഭിച്ച് ഫെബ്രവരി 4 ന് അവസാനിക്കുന്ന രീതിയിൽ യുഎഇയിലെവിനോദ സഞ്ചാര മേഖലകളിലൂടെയും, വ്യത്യസ്തങ്ങളായ റോഡുകളിലൂടെയുമാണ് ഈ യാത്ര സംഘടിപ്പിച്ചിരുന്നത്. ടൂറിന്റെ ഭാഗമായി 700 കിലോ മീറ്റർ സഞ്ചരിച്ചതായി സംഘാംഗമായ ഓഫ് റോഡ് പരിശീലകനും മോട്ടോർ സ്പോർട് അത്‌ലറ്റുമായ മുഹമ്മദ് ഇർഫാൻ പറഞ്ഞു. ദുബായ്, ഫുജൈറ, ഹത്ത, അബുദാബി ഗ്രാൻഡ് മോസ്‌ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചതായും യു എ ഇയിലെ ഗതാഗത നിയമങ്ങളെല്ലാം പഠിച്ചശേഷമായിരുന്നു റൈഡിനിറങ്ങിയത് എന്നും ഇർഫാൻ പറഞ്ഞു.

സിംഗിൾ വീൽ സൈക്കിൾ 5000 കിലോമീറ്റർ ഓടിച്ച് ശ്രദ്ധേയനായ സനീദ്, കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡ് നടത്തിയ മല്ലു റൈഡർ എന്നറിയപ്പെടുന്ന അശ്വതി ഉണ്ണികൃഷ്ണൻ-വരുൺ ദമ്പതികൾ, ഇന്ത്യ മുഴുവൻ ബൈക്ക് റൈഡ് നടത്തിയ വൈപർ പൈലറ്റ്, ലൂണ വാനില എന്നീ ഇൻസ്റ്റഗ്രാം പേരുകളിൽ അറിയപ്പെടുന്ന ദമ്പതിമാരും, സോളോ ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയ ആയ അസം സ്വദേശിനി പ്രിയ ഗോഗ്വായി, ഓട്ടോമൊബീൽ കണ്ടന്റ് ക്രിയേറ്റർ രാജസ്ഥാൻ ജയ്പൂർ സ്വദേശിനി ആശ്ലേഷ എന്നിവരാണ് സംഘാംഗങ്ങൾ.
ഉത്തരേന്ത്യയിലൂടെയുള്ള യാത്ര വളരെ ഹൃദ്യമാണെന്നും എന്നാൽ മതിയായ ശൗചാലയവും മറ്റുസംവിധാനങ്ങളും ഇല്ലാത്തതിനാൽ പലപ്പോഴും ദുരിതമാവാറുണ്ടെന്നും വനിതാ റൈഡർമാർ പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യുവ നടിയും മോഡലുമായ രോമാഞ്ചം ഫെയിം സ്നേഹ മാത്യു, റൈഡ് ഓണ് പ്രതിനിധി അലീന എന്നിവരും സംബന്ധിച്ചു. സഞ്ചാരികളുടെ ഇഷ്ട രാജ്യമായ യുഎഇയിലേക്ക് വരുന്നവർക്ക് ബൈക്ക് യാത്രയിലൂടെ അതിസുന്ദരമായ കാഴ്ചാനുഭവം നൽകുകയാണ് ഇതിലൂടെ റൈഡ് ഓണും ഡെസ്റ്റിനാരോയും ലക്ഷ്യമിടുന്നത് എന്ന് റൈഡ് ഓൺ പ്രതിനിധി അലീന പറഞ്ഞു.