ദുബൈയിൽ പുതിയ റിയൽഎസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ഫ്ലോറാഗ്രൂപ്പ്. ദുബൈ ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ ഫ്ലോറ ഐൽ’ എന്ന പേരിലാണ് പുതിയ താമസസമുച്ചയം നിർമ്മിക്കുക. അത്യാധുനിക സൗകര്യങ്ങളുള്ള 251 അപ്പാർട്ടുമെന്റുകൾ ഉൾകൊള്ളുന്ന താമസസമുച്ചയമാണ് ഫ്ലോ ഐൽ. ഫ്ലോറ ഐലിന്റെ ഔപചാരിക പ്രഖ്യാപനവും മാതൃകാ അനാഛാദനവും ജുമൈറ ബീച്ച് ഹോട്ടലിൽ നടന്നു. മൂന്ന് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി ഭവനങ്ങൾ ഉടമകൾക്ക് കൈമാറുമെന്ന് ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ ഹസൻ പറഞ്ഞു. വൺ, ടൂ, ത്രീ ബെഡ്റൂം അപ്പാർട്ടുമെന്റുകളാണ് ഇതിലുണ്ടാവുക.
ഫ്ലോറ റിയാലിറ്റിക്ക് കീഴിൽ നടപ്പാക്കുന്ന അഞ്ച് പദ്ധതികളിൽ ആദ്യത്തേതാണിത്. നാല് റിയൽഎസ്റ്റേറ്റ് പദ്ധതികൾ കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് സംരംഭകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിയൽഎസ്റ്റേറ്റ് മേഖലയിൽ 2.5 ശതകോടി ദിർഹത്തിന്റെ നിക്ഷേപത്തിനാണ് ഫ്ലോറഗ്രൂപ്പ് തയാറെടുക്കുന്നത്. മികച്ച പദ്ധതി രൂപകൽപനക്കുള്ള മിഡില്‍ ഈസ്റ്റ് ഡിസൈന്‍ അവാർഡ് നേടിയാണ് ഫ്ലോറ ഐൽ നിർമാണം ആരംഭിച്ചത്. ജെ.ടി ആൻഡ് പി ആണ് പദ്ധതിയുടെ രൂപകൽപന. മാർക്കറ്റിങ് മേഖലയിൽ സെഞ്ചൂറിയൻ, ഒക്ട എന്നിവയും പദ്ധതിയുടെ ഭാഗമാകും.
25 വർഷമായി ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഫ്ലോറാ ഗ്രൂപ്പ്, ‘ഫ്ലോറ റിയൽലിറ്റി’ എന്ന ബ്രാൻഡിൽ ആദ്യമായി അവതരിപ്പിക്കുന്ന പദ്ധതിയാണിത്. നേരത്തേ ഇമാർ ഗ്രൂപ്പുമായി ചേർന്ന് ബുർജ് റോയൽ ഡൗൺടൗൺ എന്ന പദ്ധതി ഗ്രൂപ്പ് നടപ്പാക്കിയിരുന്നു. ഫ്ലോറ ഗ്രൂപ്പ് ഇന്ത്യ ചെയർമാൻ എം.എ. മുഹമ്മദ്, ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് റാഫി, എം.ഡി. ഫിറോഷ് കലാം, ഫ്ലോറ റിയൽറ്റി എം.ഡി. നൂറുദ്ദീൻ ബാബു, ഡയറക്ടർ അനുര മത്തായ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.