നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിൻ്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്. എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ ‘സമാധി ഇരുത്തി’യെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം അഴുകിയെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങളും ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും മൃതദേഹത്തിൽ ഉണ്ട്. നെയ്യാറ്റിൽകര ഗോപൻ സ്വാമിയുടെ വിവാദമായ സമാധി പൊളിക്കുന്നതിനുള്ള നടപടികൾ പോലീസ് അതിരാവിലെ ആരംഭിച്ചു. പ്രശ്നങ്ങൾ ഒഴിവാക്കാൻ സംഭവസ്ഥലത്ത് രണ്ട് ഡിവെെഎസ്പിമാരുടെ നേതൃത്വത്തിൽ വൻപോലീസിനെയാണ് വിന്യസിച്ചത്
പ്രതിഷേധം കണക്കിലെടുത്ത് രാവിലെ 10 മണിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് പോലീസ്.
കല്ലറ തുറക്കാനും പോലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു.
കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വാദം തുടങ്ങിയപ്പോള്‍ തന്നെ ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ കല്ലറ പൊളിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കല്ലറ പൊളിച്ചു പരിശോധിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗമാമാണ്. സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന് എന്തിനാണ് പേടിയെന്നും കോടതി ചോദിച്ചു. ഇതുവരെ മരണ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മകന്‍ സനന്ദന്‍ വ്യക്തമാക്കി.