സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും പോര്. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്‍റെ പരാതി. തനിക്കെതിരെ എം ആർ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് വിജയന്റെ പരാതി. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്ന് ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി നിലവിൽ സർക്കാറിന് കൈമാറിയിട്ടുണ്ട്.
ഐജിയായിരുന്നപ്പോൾ പി വിജയൻ സസ്പെൻഷനിലേക്ക് പോകാൻ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടാണ്. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പി വിജയൻ നടപടി നേരിട്ടത്. പിന്നീടുള്ള അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയതോടെയാണ് അദ്ദേഹം സർവീസിൽ തിരിച്ചെത്തുന്നത്.
പിന്നീട് അദ്ദേഹത്തിന് ഇൻ്റലിജൻസ് എഡിജിപിയായി പ്രമോഷൻ നൽകി. ഇതിന് ശേഷമാണ് ഗുരുതരമായ മറ്റൊരു ആരോപണവുമായി എംആർ അജിത് കുമാർ രംഗത്ത് വരുന്നത്. പി.വി. അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡിജിപി എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാർ പി. വിജയനെതിരെ മൊഴി നൽകിയത്. പി. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് വ്യാജ മൊഴി നല്‍കിയ എഡിജിപിക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയോ നിയമനടപടിയുമായി മുന്നോട്ട പോകാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്നാണ് ഈ കത്തില്‍ പി വിജയന്‍റെ ആവശ്യം.