ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധുവും വെങ്കട്ട ദത്ത സായിയും വിവാഹിതരായി. പാരമ്പര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഉദയ്പൂരിലായിരുന്നു വിവാഹം നടന്നത്. ഔദ്യോഗികമായി ചിത്രങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. അതേസമയം കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വധുവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു.
രണ്ടു ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ വെങ്കട്ട ദത്ത സായ് എന്ന ബിസിനസുകാരനെയാണ് ജീവിത പങ്കാളിയാക്കിയത്. പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സായ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കിട്ട് വിവരം ഏവരെയും അറിയിച്ചത്. സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മിസിൽ നിന്ന് മിസ്സിസിലേക്ക് എന്ന തീമിലാണ് ചടങ്ങുകൾ ഒരുക്കിയിരുന്നത്. ഖലീൽ ജിബ്രാന്റെ വരികളും കുറിച്ചാണ് താരം ചിത്രം പങ്കിട്ടത്. വിവാഹനിശ്ചയം പെട്ടെന്നാണ് നടത്തിയതെന്ന് സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. അവരുടെ തിരക്കേറിയ ഷെഡ്യൂളുകൾ കാരണമാണ് വിവാഹ നിശ്ചയം പെട്ടെന്നാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 24ന് ഹൈദരാബാദിൽ സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ ഒരുക്കും. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എന്നിവരെയടക്കം ക്ഷണിച്ചിരുന്നു.