സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു
കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്‍റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. സ്പോൺസർ വഴിയായിരുന്നു യാത്ര ചെലവ് കണ്ടെത്തുക. മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. സ്‌പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായാണ് വിവരം.
രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേർന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ മത്സരം നടത്താനുള്ള സഹായ ഉറപ്പ് നൽകി, അവരായിരിക്കും സ്‌പോൺസർമാർ. കേരളത്തിലെ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക നിരവധി കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. സ്പോർട്സ് ഇക്കോണമി വർധിപ്പിക്കാനും നീക്കങ്ങൾ നടത്തുന്നു.ആറു മാസം മുൻപ് കായിക ഉച്ച കോടി വിജയകരമായി നടത്തിയെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
അർജൻ്റീന ടീമിൻ്റെ വരവ് ഫുട്ബോൾ വികാരമാക്കുന്ന ഓരോ മലയാളിക്കും അഭിമാന മുഹൂർത്തമാണ്. കായികമന്ത്രിയുടെ ഏറെ നാളത്തെ ശ്രമങ്ങളാണ് ഒടുവിൽ ഫലം കണ്ടത്. അടുത്ത വർഷം അവസാനമായിരിക്കും ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്കുള്ള ലോകചാമ്പ്യന്മാരുടെ വരവ്. അടുത്ത ആകാംക്ഷ മെസിയെത്തുമോ എന്നത്. രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂളും എഎഫ്ഐ തീരുമാനവുമാകും മെസിയുടെ കാര്യത്തിൽ നിർണ്ണായകം.
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കിയത്. അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്. നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ അന്ന് പറഞ്ഞിരുന്നു.