ശനിയാഴ്ച പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം എന്നതിനാൽ കൊല്ലപ്പെട്ടവരിൽ ഏറെയും യാത്രക്കാരാണ്. ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വറ്റയിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ഓപ്പറേഷൻസ്, മുഹമ്മദ് ബലോച്ച് പറഞ്ഞു.
പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ. നേരത്തെയും പലതവണ ക്വറ്റയിൽ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. പാകിസ്ഥാൻ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഭീകരാക്രമണങ്ങളുടെ കുതിച്ചുചാട്ടവും ദക്ഷിണ ഭാഗത്ത് വളരുന്ന വിഘടനവാദ കലാപവുമായി പൊരുതുകയാണ്.