വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിന് യുഎഇ ആതിഥേയത്വം വഹിക്കും. 35 രാജ്യങ്ങളിൽ നിന്ന് 5 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള ഇരുനൂറോളം പ്രതിഭകളാണ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഈ മാസം 7 മുതൽ 9 വരെ ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി കോളേജിലാണ് മത്സരങ്ങൾ നടക്കുന്നത്. ഗണിത ശാസ്ത്രത്തിൽ അസാധാരണമായ മികവും ഓർമ ശക്തിയും ഉള്ളവർ പങ്കെടുക്കുന്നതാണ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സ്
ആദ്യമായി ഔദ്യോഗിക ഇമിറാത്തി മെന്റൽ സ്‌പോർട്‌സ് ടീം യുഎഇയെ പ്രതിനിധീകരിക്കുന്നുണ്ട്. യു എ ഇ ടീമിൽ 40 അംഗങ്ങൾ ആണ് ഉണ്ടാവുക. ഇന്ത്യയിൽ നിന്ന് 50 പേർ പങ്കെടുക്കും. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നുണ്ട്. യുഎഇയിലെ പ്രമുഖ എഡ്-ടെക് കമ്പനികളിലൊന്നായ സ്പാർക്ക്ലർ മൈൻഡ്‌സ് ആണ് മെമ്മോറിയഡ് 2024 സംഘടിപ്പിക്കുന്നത്. ഈ വർഷം യുഎഇയിലെ 120 സ്കൂളുകളിലായി 10 റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടത്തി അസാമാന്യമായ ഓർമശക്തിയും ഗണിത ശാസ്ത്ര മികവുമുള്ള പ്രതിഭകളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സ്പാർക്ക്ലർ മൈൻഡ്‌സ് സിഇഒയും മെമ്മോറിയഡ് 2024 ന്റെ ബ്രാൻഡ് അംബാസഡറുമായ ക്രിസ് ജേക്കബ് പറഞ്ഞു. ഗണിത ശാസ്ത്ര നൈപുണ്യവും ഓർമ ശക്തിയും പരീക്ഷിക്കുന്ന പന്ത്രണ്ട് വിഭാഗങ്ങളിലായിരിക്കും മൽസരം. ഓരോ വിഭാഗത്തിലും ഒളിമ്പിക് ചാമ്പ്യൻമാർക്ക് 1000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 750 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 500 ഡോളറും സമ്മാനം ലഭിക്കും.ആകെ 30,000 ഡോളറിന്റെ സമ്മാനങ്ങൾ നൽകും.
എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സ് നടക്കുന്നത്. 2008 മുതലാണ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സ് തുടങ്ങിയതെങ്കിലും കോവിഡ് കാരണം കഴിഞ്ഞതവണ ഒളിമ്പിക്സ് സംഘടിപ്പിക്കാൻ സാധിച്ചില്ല എന്ന് സംഘാടകർ പറഞ്ഞു. ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ”മെമ്മോറിയാഡ് 2024′ ചെയർപേഴ്സൺ ഷെർലി ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൈലൈൻ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർമാരായ ഡോ.ദീപക് കൽറ, ഡോ. നസീം ആബിദി, മതെല്ലൊ ജീനിയസ് ആഗോള വിദ്യാഭ്യാസ ഡയറക്ടർ ശ്രീനിവാസ് അയ്യങ്കാർ, മെമ്മോറിയാഡ് വേൾഡ് മെന്റൽ സ്പോർട്സ് ഫെഡറേഷൻ ചെയർ പേഴ്സണും സ്പാർക്ലർ മൈൻഡ്സ് സ്ഥാപകയുമായ ഷേർലി ജേക്കബ്, സ്പാർക്ലർ മൈൻഡ്സ് ചെയർ പേഴ്സൺ ജേക്കബ് സക്കറിയ, സ്പാർക്ലർ മൈൻഡ്സ് സി ഇ ഒ യും മെമ്മോറിയാഡ് ബ്രാൻഡ് അംബാസിഡറുമായ ക്രിസ് ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.