കൊടകര കുഴൽപ്പണ കേസിൽ ശക്തമായ അന്വേഷണം വേണമെന്ന് നിർദ്ദേശിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് സി പി ഐ എമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
കൊടകര കുഴൽപ്പണ കേസിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എം.വി ഗോവിന്ദന്റെ പരാമർശം. കൊടകര വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
കൊടകര കുഴൽപ്പണ കേസിൽ കൃത്യമായ റിപ്പോർട്ട് പൊലീസ് നൽകിയിട്ടും ഇഡിയും ഐടിയും അന്വേഷിക്കുന്നില്ലായെന്നും സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണം വേണം. പുനരന്വേഷണത്തിലൂടെ മാത്രമേ ആർഎസ്എസിന്റെയും ബിജെപിയുടെയും ബന്ധം പുറത്തുവരൂവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.
കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. മാത്രവുമല്ല സർക്കാരിനെതിരെ നേരത്തെ ഒത്തുതീർപ്പ് ആക്ഷേപം ഉയർന്നുവന്നിരുന്നു. കേസിൽ മുൻപ് നടത്തിയ അന്വേഷണത്തിൽ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കന്മാരിലേക്കോ മറ്റുള്ളവരിലേക്കോ എത്താനുള്ള മൊഴികൾ ലഭിച്ചിരുന്നില്ല എന്നായിരുന്നു പൊലിസ് ചൂണ്ടികാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി ആയ തിരൂർ സതീശന്റെ വെളിപ്പെടുത്തൽ കേസിലെ നിർണായക തെളിവായി തന്നെ പുറത്തുവന്നിരിക്കുകയാണ്