യൂറോപ്പ് കണ്ടതിൽവെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് സ്പെയിൻ സാക്ഷ്യം വഹിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 158 മരണം രേഖപ്പെടുത്തി. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സ്പെയിനിന്റെ ചരിത്രത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
2021-ൽ ജർമനിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുമുൻപ് 1970-ൽ 209 പേർ റൊമേനിയയിലും 1967-ൽ 500 പേർ പോർച്ചുഗലിലും വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞു. തെരുവുകളിൽ കാറുകൾ ഒഴുകിപ്പോകുന്നതും കെട്ടിടങ്ങളിൽ വെള്ളം അടിച്ചുകയറുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മെഡിറ്ററേനിയൻ കടലിലെ ചൂടുള്ള വെള്ളത്തിനു മുകളിലൂടെ തണുത്ത വായു നീങ്ങുമ്പോൾ സംഭവിക്കുന്ന ‘കോൾഡ് ഡ്രോപ്പ്’ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ശക്തമായ മഴയ്ക്ക് കാരണം. വളരെയധികം ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.