നടിയും നർത്തകിയുമായ ഷംന കാസിമിന്‍റെ നൃത്ത വിദ്യാലയം ‘ഷംന കാസിം ഡാൻസ് സ്റ്റുഡിയോ’ ദുബായ് അൽ നഹ്ദയിൽ പ്രവർത്തനം തുടങ്ങി. സുഹൃത്ത് നുസ്മ അയ്യനൂരിനൊപ്പമാണ് ഷംന നൃത്ത വിദ്യാലയം ആരംഭിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, സെമിക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ്, ഫിറ്റ്നസ്സ് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നൽകുക. ഷംന കാസിമിന് പുറമെ മറ്റ് അദ്ധ്യാപകരും പരിശീലനത്തിന് നേത്യത്വം നൽകും. നാല് വയസുമുതലുളള കുട്ടികള്‍ക്ക് ഇവിടെ നൃത്തപരിശീലനം നല്‍കുന്നുണ്ട്. എന്നാൽ ആണ്‍കുട്ടികള്‍ക്ക് 15 വയസുവരെ മാത്രമാണ് നിലവില്‍ പ്രവേശനം ഉള്ളത്. ഷംനയുടെ മാതാവ് റൗലാബി കാസിമാണ് ഡാന്‍സ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.
‘ഡാൻസ് സ്റ്റുഡിയോ’തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും തനിക്കറിയാവുന്ന നൃത്ത രൂപങ്ങള്‍ മാത്രമെ പഠിപ്പിക്കുകയുളളൂവെന്നും ഷംന പറഞ്ഞു. നൃത്തം പഠിച്ചു തുടങ്ങിയ കാലം മുതൽ നൃത്താധ്യാപികയാവണമെന്നായിരുന്നു ആഗ്രഹമെന്നും ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലും നൃത്തത്തിലും സജീവമാകാനാണ് തീരുമാനമെന്നും ഷംന പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ചവരെ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പരിശീലന ക്ലാസുകള്‍ ഉണ്ടാവുക. ആഴ്ചയില്‍ രണ്ട് ദിവസമെന്ന രീതിയില്‍ മാസത്തില്‍ 8 ക്ലാസുകൾക്ക് മാസത്തില്‍ 200 ദിർഹമാണ് ഫീസ്. നൃത്തരൂപങ്ങൾക്കനുസരിച്ച് 200 ദിർഹം മുതൽ 300 ദിർഹം വരെയാണ് ഫീസെന്നും ഷംന ദുബൈയിൽ വാർത്താസമ്മേളനത്തൽ പറഞ്ഞു.
കേരളത്തിലെ സിനിമ മേഖലനേരിടുന്ന പ്രശ്ങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അമ്മ എന്ന സംഘടനയിൽ നിന്നും മോശപ്പെട്ട അനുഭവമൊന്നും തനിക്കുണ്ടായിട്ടില്ലെന്നും അതേസമയം ഒരു പ്രമുഖ സംവിധായകൻ മനപ്പൂർവ്വം തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സ്റ്റേജ് ഷോകൾ കൂടുതൽ ചെയ്യുന്നതാണ് കാരണമായി പറഞ്ഞതെന്നും ഷംന വെളിപ്പെടുത്തി. സ്റ്റേജ് പ്രോഗ്രാമുകളിൽ സജീവമാകുന്നവർക്ക് സിനിമയിൽ അവസരങ്ങൾ കുറയുന്നതിന്റെ കാരണം ഇതുവരെ മനസ്സിലായിട്ടില്ല. ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്ന് നിബന്ധന വെക്കാറുണ്ട്, ഇത് തനിക്ക് അംഗീകരിക്കാണ് കഴിയില്ലെന്നും അവർ പറഞ്ഞു.