കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യം റദ്ദാക്കി കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മരണപ്പെട്ട നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കണമെന്നും മഞ്ജുഷ പറഞ്ഞു. നീതി ലഭിക്കാനായി ഏത് അറ്റം വരെയും പോകുമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രതികരിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ പ്രതികരിച്ചു.
വിചാരണ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചുവെങ്കിലും ദിവ്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. വിധിപകർപ്പ് ലഭിച്ച ശേഷം തുടർ നിയമ നടപടികളിലേക്ക് കടക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പി പി ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പറഞ്ഞു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവില്‍ പോയ പി പി ദിവ്യ ഇന്നലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം.