വെളിച്ചിക്കാലയിൽ കണ്ണനല്ലൂർ സ്വദേശി നവാസിനെ കുത്തിക്കൊന്ന കേസിലെ പ്രതികൾ പിടിയിൽ. കണ്ണനല്ലൂർ മുട്ടക്കാവിൽ ചാത്തന്റഴികത്ത് നവാസിനെ(35) പിന്നിൽ നിന്ന് കഴുത്തിൽ കുത്തിയ പ്രതി സദ്ദാം അടക്കമുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം. സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയതായിരുന്നു നവാസ്. ഇതിനിടെ തർക്കമുണ്ടാകുകയും കൂട്ടത്തിലെ സദ്ദാം കത്തിയെടുത്ത് നവാസിനെ കുത്തുകയുമായിരുന്നു. പിന്നിൽ നിന്നും കഴുത്തിനേറ്റ കുത്തുകൊണ്ടതോടെയാണ് യുവാവ് മരിക്കാനിടയായത്. കുത്ത് കൊള്ളുന്നതും സ്ഥലത്ത് നിന്നും നവാസ് ഓടിമാറാൻ ശ്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ തിരികെ വരുന്നതിനിടെ, ബദരിയ സ്‌കൂളിന് സമീപം രാത്രി 8.30 ന് ഒരു സംഘം യുവാക്കൾ ഇരുവരെയും തടഞ്ഞു നിറുത്തുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് നബീലും സുഹൃത്തും കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. പിന്നീട് വിവരം നവാസിനെ ഫോണിൽ അറിയിച്ചു. രാത്രി 10 ന് നവാസ് മുട്ടക്കാവിൽ എത്തി. ഈ സമയം ഓട്ടോയിലും ബൈക്കിലുമായി ഒരു സംഘം യുവാക്കൾ സ്ഥലത്തുണ്ടായിരുന്നു.
നബീലിനെ മർദ്ദിച്ച സംഭവം ഇവരോട് ചോദിക്കുന്നതിനിടെ പിന്നിൽ നിന്ന് നവാസിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. നവാസ് തത്ക്ഷണം മരിച്ചതായാണ് പൊലീസ് അറിയിക്കുന്നത്.സംഭവത്തിന് പിന്നാലെ അക്രമിസംഘം രക്ഷപ്പെട്ടു. മൃതദേഹം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണനല്ലൂർ പൊലീസെത്തി കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു.