നേതൃമാറ്റം അനിവാര്യം എന്ന തീരുമാനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ മാറ്റാൻ കോൺഗ്രസിൽ ചർച്ചകൾ സജീവമാകുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം വേണമെന്ന് ആവശ്യം. പാർട്ടിയെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നുവെന്നാണ് വിമർശനം. പുതിയ വിവാദ പ്രസ്താവനകളുടെ കൂടി പശ്ചാത്തലത്തിലാണ് നീക്കം ശക്തമായത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ പല മുതിർന്ന നേതാക്കളും ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ മറുപടി. സുധാകരന്റെ പ്രസ്താവനകൾ പാർട്ടിക്ക് ദോഷകരമെന്ന് വിമർശനം ഉയരുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുകയാണ്. നേരത്തെ പിവി അൻവറിന്റെ പിന്തുണ സംബന്ധിച്ച് സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രണ്ട് അഭിപ്രായമാണ് ഉണ്ടായത്. ഉപതെരഞ്ഞെടുപ്പ് സർക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. പി വി അൻവറിനെ ഒപ്പം നിർത്തേണ്ടതായിരുന്നു. എന്നാൽ സതീശനും അൻവറും തമ്മിൽ തെറ്റിയത് വിനയായെന്നായിരുന്നു സുധാകരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.