യുഎഇയിലെ അബുദാബി എമിറേറ്റിൽ അരളി ചെടിയുടെ കൃഷി, ഉൽപ്പാദനം, പ്രചരിപ്പിക്കൽ, വിതരണം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. അരളി ചെടിയുടെ ഏതെങ്കിലും ഭാഗം ഉള്ളിലാക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാനാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിരോധനം.
യുഎഇയിൽ പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരകളിൽ സാധാരണയായി കാണപ്പെടുന്ന കാട്ടു കുറ്റിച്ചെടിയാണ് അരളി. കടും പച്ച ഇലകളും പൂക്കളും കൊണ്ട് സൗന്ദര്യവൽക്കരണത്തിനായാണ് സാധാരണ ഈ ചെടികൾ റോഡരികിൽ നട്ടുപിടിപ്പിക്കുന്നത്. എന്നിരുന്നാലും, ഈ ചെടിയുടെ ഇലകൾ, കാണ്ഡം, പൂക്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കൾ ഹൃദയത്തെ ബാധിക്കും. കൂടാതെ, ചെറിയ അളവിൽ പോലും കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ചിലപ്പോൾ മരണം പോലും സംഭവിക്കാമെന്നുമാണ് ഇത് സംബന്ധിച്ച പത്രക്കുറിപ്പിൽ പറയുന്നത്.