ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. “ഞാൻ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി. സാധാരണ പാർട്ടിക്കാർക്ക് ഒപ്പമാണ് ഞാൻ. ആർക്കൊപ്പം വേണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടേ”. യഥാർത്ഥ പ്രവർത്തകർക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തൻറെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായാണ് അൻവർ രംഗത്തെത്തിയത്. ‘പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുളള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. ആ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഇവിടെയുളള ലോക്കൻ നോതാക്കളാണ്. അവർക്ക് സാധാരണക്കാർക്ക് വേണ്ടി പറയാൻ പറ്റാത്ത സ്ഥിതിയാണ്. പാർട്ടി ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാൻ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കൽ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്’.
‘സ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാർട്ടി പ്രവർത്തകർ അൻവറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അൻവർ പ്രതികരിച്ചു. 2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ല’. അൻവർ പറഞ്ഞു.