നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പുറത്തുവരുന്നു. ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുള്ളതായാണ് വിവരം. പ്രിവ്യൂഷോയ്ക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ പരിശോധന പൂര്‍ണമായി.
സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിച്ചതെന്നും ഇവിടെ വച്ചാണ് സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നുമായിരുന്നു നടിയുടെ മൊഴി. ഇക്കാര്യം താന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി പറയുന്നു. തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമായിരുന്നു ഇത്. പ്രിവ്യൂ ഷോയില്‍ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
അതേസമയം സിനിമ മേഖലയെ കൂടുതൽ ബാധിക്കുന്ന രീതിയിലുള്ള ആരോപണങ്ങൾ ആണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കിന്നത്. നേരത്തെ ആരോപണം ഉന്നയിച്ച നടിയുടെ പരാതിയില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്‍കിയ നടി പ്രതികരിച്ചു. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.