മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം. ഗംഗാവലി പുഴയിലെ ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പോയിന്റ് നാലിൽ തെരച്ചിൽ നടത്തിയിട്ടും ലോറി കണ്ടെത്താനായില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു. അതേസമയം എപ്പോൾ വിളിച്ചാലും തെരച്ചിൽ നടത്താൻ തയ്യാറെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഇന്ന് രണ്ട് തവണ ഡൈവിങ് നടത്തി. മൂന്ന് സ്ഥലങ്ങളിലാണ് തിരച്ചിൽനടത്തിയത്. എന്നാൽ ഒന്നും ലഭിച്ചില്ല, പുഴയിൽ നിറയെ ചെളിയും കമ്പികളും മരകഷ്ണവുമാണുണ്ടായിരുന്നത്.
ട്രക്ക് എവിടെയാണെന്ന് കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ദൗത്യങ്ങളിൽ നിന്ന് ഇതിനുണ്ടായ വെല്ലുവിളി ഒരുപാട് ദുഃഖകരമായിരുന്നു. അർജുന്റെ വീട്ടുകാർ ഒരുപാട് കരയുന്നുണ്ട്, ഇവിടെയുള്ള രണ്ട് പേരെയും തിരിച്ച് കിട്ടിയിട്ടില്ല. അവരുടെ കുടുംബം കരയുന്നുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ ആറ് തവണ ഡൈവിങ് നടത്തിയിരുന്നതായി ഈശ്വർ മാൽപെ പറഞ്ഞു.