ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം നടന്നത് ദൗർഭാഗ്യകരമാണ്. കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇത് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തുവർഷമായി മുന്നോട്ട് പോകുമ്പോൾ മാലിന്യസംസ്കരണ-നിർമ്മാർജ്ജന രംഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. ഒരിക്കൽ എതിർത്തിരുന്ന വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായപ്പോൾ കേരളത്തിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകൾ പോലും നിർമ്മിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം മൂന്നാം ദിനം മാത്രമാണ് കണ്ടെടുക്കാനായത്. രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാൾ പരാജയപ്പെട്ടപ്പോൾ സർക്കാർ നാവിക സേനയുടെ സഹായമഭ്യർത്ഥിക്കുകയായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.