ന്യൂഡല്‍ഹി: സാമൂഹികമാധ്യമമായ എക്‌സില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞതായി നരേന്ദ്രമോദിതന്നെയാണ് എക്സിലൂടെ അറിയിച്ചത്. 2009-ല്‍ അക്കൗണ്ട് ആരംഭിച്ചതുമുതല്‍ എക്‌സില്‍ (അന്ന് ട്വിറ്റര്‍) സജീവമാണ് മോദി.
അതേസമയം, ആഗോള രാഷ്ട്രീയനേതാക്കളെ പരിഗണിക്കുമ്പോൾ ഏറ്റവുംകൂടുതല്‍ എക്‌സ് ഫോളോവേഴ്‌സുള്ള രണ്ടാമത്തെ നേതാവാണ് നരേന്ദ്രമോദി. ബറാക്ക് ഒബാമയാണ് മോദിക്ക് മുന്നിലുള്ള രാഷ്ട്രീയനേതാവ്. 13.17 കോടി പേരാണ് ഒബാമയെ എക്‌സില്‍ പിന്തുടരുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലാണ് മോദിയുടെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചത്. മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം പേരാണ് എക്‌സില്‍ പുതുതായി മോദിയെ ഫോളോ ചെയ്തത്. വിരാട് കോലി (6.41 കോടി), നെയ്മര്‍ ജൂനിയര്‍ (6.36 കോടി), ടെയ്‌ലര്‍ സ്വിഫ്റ്റ് (9.53 കോടി), ലേഡി ഗാഗ (8.31 കോടി), കിം കര്‍ദാഷിയാന്‍ (7.52 കോടി) എന്നിവരേക്കാള്‍ ഫോളോവര്‍മാര്‍ എക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ എതിരാളികളെല്ലാവരും എക്സ് ഫോളോവർമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ മോദിയേക്കാള്‍ ബഹുദൂരം പിന്നിലാണ്. രാഹുല്‍ ഗാന്ധിയെ 2.64 കോടി പേരും അരവിന്ദ് കെജ്‌രിവാളിനെ 2.75 കോടി പേരുമാണ് എക്‌സില്‍ പിന്തുടരുന്നത്. അഖിലേഷ് യാദവ് (1.99 കോടി), മമത ബാനര്‍ജി (74 ലക്ഷം), ലാലു പ്രസാദ് യാദവ് (63 ലക്ഷം), തേജസ്വി യാദവ് (52 ലക്ഷം), ശരദ് പവാര്‍ (29 ലക്ഷം) എന്നിവരും മോദിയേക്കാള്‍ ബഹുദൂരം പിന്നിലാണ്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലും മോദിക്ക് വലിയ ഫോളോവര്‍മാരാണ് ഉള്ളത്. മോദിയുടെ യൂട്യൂബ് ചാനലിന് 2.5 കോടി സബ്ക്‌സ്‌ക്രൈബര്‍മാര്‍ ഉള്ളപ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ 9.1 കോടി പേരാണ് ഫോളോ ചെയ്യുന്നത്.