മഹാരാഷ്‌ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുകയാണ്. മഴ കനത്തതോടെ പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഘടപ്രഭ നദിയിൽ നിന്ന് വെള്ളം കയറി ഹിഡക്കൽ ജലസംഭരണിയും നിറഞ്ഞു. ഇതോടെ വിത്തല ക്ഷേത്രവും വെള്ളത്തിനടിയിലായി. ക്ഷേത്രത്തിന്റെ ഗോപുരം മാത്രമാണ് ഇപ്പോൾ കാണാനാകുക. ബെൽഗാം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി മഴ പെയ്യുന്നതിനാൽ ജില്ലയിലൂടെ ഒഴുകുന്ന എല്ലാ നദികളും ഏറെക്കുറെ കരകവിഞ്ഞൊഴുകുകയാണ്.
ഏകദേശം 97 വർഷം മുമ്പ് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. കഴിഞ്ഞ മാസമാണ് ഭക്തർക്ക് ദർശനത്തിനായി ഇത് തുറന്നത് നൽകിയത്.
1977ൽ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായപ്പോൾ ഹിഡക്കൽ, ഹൊന്നൂർ വില്ലേജുകൾ പൂർണമായും വെള്ളത്തിനടിയിലായി. വീടുകളും വയലുകളും വിദ്യാലയങ്ങളും ക്ഷേത്രങ്ങളുമെല്ലാം വെള്ളത്തിനടിയിലാവുകയും ഒടുവിൽ ശിഥിലമാവുകയും ചെയ്തു. 45 വർഷമായി വെള്ളത്തിനടിയിലായിരുന്നിട്ടും വിത്തൽ ക്ഷേത്രം നിലനിന്നു.12-ഉം 13-ഉം നൂറ്റാണ്ടുകളിൽ പ്രശസ്തമായിരുന്ന ഹേമദ്പന്തി ശൈലിയിലുള്ള വാസ്തുവിദ്യയുടെ മാതൃകയാണ് കറുത്ത കല്ലിൽ പണിതിരിക്കുന്ന വിത്തൽ ക്ഷേത്രം. മഴക്കാലം കഴിയുന്നതുവരെ ഭക്തർക്ക് ഇനി വിത്തൽ ക്ഷേത്രത്തിൽ ദർശനം നടത്താനാകില്ല.