പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി.സിന്ധുവും ടേബിൾ ടെന്നീസ് താരം എ.ശരത് കമലും ഇന്ത്യൻ പതാകയേന്തും. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെയാണ് ഒളിന്പിക്സ് നടക്കുന്നത്. ലണ്ടൻ ഒളിന്പിക്സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ബോക്സിംഗ് ഇതിഹാസം മേരി കോം നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് ഗഗൻ നാരംഗിനെ നേതൃസ്ഥാനം ഏൽപ്പിക്കുകയായിരുന്നു. സംഘത്തലവനായി ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ഗഗൻ നാരംഗിനെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയോഗിച്ചു. നേരത്തേ നിയോഗിച്ച മേരികോം രാജിവെച്ചതിനാലാണ് ഉപതലവനായിരുന്ന നാരംഗിന് പുതിയ ചുമതല നൽകിയത്.
ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയാണ് നയിക്കുന്നത്. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്ലറ്റിക്സ് ടീം. ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് പകരം ജെസ്വിൻ ആൽഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അംഗബലം 29 ആകും.