എ.കെ.ജി സെന്റർ ആക്രമണ കേസിൽ പിടിയിലായ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല മുൻ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.
പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്. വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞ പ്രതിയോട് ഇരിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കേസിന്റെ അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നുമാണ് പ്രതിയുടെ വാദം.
ദിവസങ്ങൾക്കുമുമ്പ് ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്കുമുമ്പ് ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2022 ജൂലൈ ഒന്നിനാണ് എ.കെ.ജി സെ ന്ററിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞത്. കേസിൽ നാലു പ്രതികളാണുള്ളത്. കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, ടി. നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയും ആക്രമണത്തിന് പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയുമായ സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.