ബിഹാറില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ 10 പാലങ്ങള്‍ പൊളിഞ്ഞു, സരണ്‍ ജില്ലയിലെ പാലമാണ് ഏറ്റവുമൊടുവിലായി തകര്‍ന്നത്. 15 വര്‍ഷം മുമ്പ് പ്രാദേശിക നേതൃത്വം നിര്‍മ്മിച്ച പാലമാണിതെന്ന് ജില്ലാ കളക്ടര്‍ അമന്‍ സമീര്‍ പറഞ്ഞു. ബനേയാപൂര്‍ ബ്ലോക്കില്‍ ഗണ്ഡകി നദിയ്ക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചിരുന്നത്. സരണ്‍, സിവാന്‍ എന്നീ ജില്ലകളിലെ നിരവധി ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലമാണിത്. ’’ ഞാന്‍ സംഭവസ്ഥലത്തേക്ക് പോകുകയാണ്. ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥരെല്ലാം അവിടെയെത്തിയിട്ടുണ്ട്. പാലം പൊളിഞ്ഞുവീഴാനുണ്ടായ കാരണം വ്യക്തമല്ല,’’ ജില്ലാകളക്ടര്‍ പറഞ്ഞു.
അതിനിടെ ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയിലുമെത്തിയിരുന്നു. സംസ്ഥാനത്തെ പാലങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശിക്കുന്ന ഹര്‍ജിയാണ് സുപ്രീം കോടതിയ്ക്ക് മുന്നിലെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബിഹാറില്‍ പാലങ്ങള്‍ പൊളിഞ്ഞുവീഴുന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.
ബുധനാഴ്ച സരണ്‍ ജില്ലയിലെ രണ്ട് ചെറിയ പാലങ്ങള്‍ തകര്‍ന്ന് വീണിരുന്നു. ജണ്ട ബസാറിനടുത്തുള്ള പാലവും ലാഹ്ലദ്പൂരിനടുത്ത് സ്ഥിതി ചെയ്തിരുന്ന പാലവുമാണ് തകര്‍ന്നത്. അതേസമയം പാലങ്ങള്‍ തകര്‍ന്നുവീഴുന്നതിനെപ്പറ്റി പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് പാലങ്ങള്‍ തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ സിവാന്‍, സരണ്‍, മധുബാനി, അറെറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലെ 10 പാലങ്ങളാണ് തകര്‍ന്നുവീണത്. സംസ്ഥാനത്തെ പഴയ പാലങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് റൂറല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സരണിലെ പാലം പൊളിഞ്ഞുവീണത്.