മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂ.
രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം പെട്ടെന്ന് വ്യാപിക്കും. രണ്ട് മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കും. ചില കേസുകളില്‍ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പ്രധാനമായും കുടലിനെയാണ് ഷിഗെല്ല ബാധിക്കുന്നത്. അതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടും. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ മരണസാധ്യത കൂടുതലാണ്.