ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി ലഭിച്ചതിന് പിന്നാലെ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതേ വിമാനത്തിൽ ലണ്ടനിലേക്ക് പോകാനിരുന്ന മലപ്പുറം ജില്ലക്കാരനായ സുഹൈബ് (29) ആണ് ഫോൺ വിളിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി മുഴക്കിയതായി സംശയിക്കുന്ന മലപ്പുറം സ്വദേശിയെ അധികൃതർ അറസ്റ്റ് ചെയ്തതായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് വക്താവ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വ്യാപകമായ പരിശോധനകൾ നടത്തിയെങ്കിലും അപകടകരമായ നിലയിൽ മൊന്നും കണ്ടെത്തിയില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിമാനം സർവ്വീസ് നടത്തുമെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പറക്കേണ്ട എഐ 149 വിമാനത്തിന് ചൊവ്വാഴ്ച പുലർച്ചെയാണ് മുംബൈയിലെ എയർ ഇന്ത്യ കോൾ സെൻ്ററിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. അലേർട്ട് ഉടൻ തന്നെ കൊച്ചിയിലെ എയർ ഇന്ത്യയെ അറിയിക്കുകയും ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റി (ബിടിഎസി) ഉടൻ തന്നെ കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലേക്ക് (സിയാൽ) അയയ്ക്കുകയും ചെയ്തു.