ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. നാല് പേർക്ക് പരിക്കേറ്റു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ഭീകരർക്കെതിരെ സൈന്യവും പോലീസും സംയുക്ത ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഐഎഎഫ് അറിയിച്ചു.
ആക്രമണം നടന്ന പ്രദേശത്ത് ഇന്ത്യൻ എയർഫോഴ്‌സ് ഗരുഡ് സ്‌പെഷ്യൽ ഫോഴ്‌സ് നിലയുറപ്പിച്ചിട്ടുണ്ട്. “ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഷാസിതാറിന് സമീപം IAF വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തി. പ്രദേശത്ത് നിലവിൽ പ്രാദേശിക സൈനിക യൂണിറ്റുകളുടെ വലയവും തിരച്ചിലും നടക്കുന്നുണ്ട്. വാഹനവ്യൂഹം സുരക്ഷിതമാക്കി, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്,” ഇന്ത്യൻ വ്യോമസേന ട്വീറ്റ് ചെയ്തു.
ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഐഎഎഫ് അറിയിച്ചു.
ആക്രമണത്തെ കോൺഗ്രസ് നേതാക്കൾ അപലപിച്ചു. രണ്ടു സൈനിക വാഹനങ്ങളിലായി സഞ്ചരിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ മെയ് 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്