മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവയിലടക്കമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തും. അയോധ്യയിൽ റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍ മോദി പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇന്ന് റാലികൾ നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിൽ റാലികളിൽ പങ്കെടുക്കുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 ന് നടന്നു. കേരളത്തിലെ 20 അടക്കം രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ജനവിധിയെഴുതി. കേരളത്തില്‍ 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സംസ്ഥാനത്താകെ 25,231 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടം – ഏപ്രിൽ 19, രണ്ടാം ഘട്ടം – ഏപ്രിൽ 26, മൂന്നാം ഘട്ടം – മെയ് 7, നാലാം ഘട്ടം – മെയ് 13, അഞ്ചാം ഘട്ടം – മെയ് 20, ആറാം ഘട്ടം – മെയ് 25, ഏഴാം ഘട്ടം – ജൂൺ 1എന്നിങ്ങനെയാണ് വോട്ടെടുപ്പ് തീയതികൾ. വോട്ടെണ്ണൽ ജൂൺ 4നാണ്.