പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് മത്സരിക്കും. മെയ് 13 ന് മെഗാ റോഡ്‌ഷോ നടത്തി അടുത്ത ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. ഏഴാം ഘട്ടമായ ജൂൺ ഒന്നിന് വാരാണസിയിൽ വോട്ടെടുപ്പ് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടത്തിനുള്ള നാമനിർദേശ പത്രികാ സമർപ്പണം മെയ് 7 ന് ആരംഭിച്ച് മെയ് 14 ന് അവസാനിക്കും.
വാരണാസി മണ്ഡലത്തിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ യുപി അധ്യക്ഷനുമായ അജയ് റായിയാണ് പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കുന്നത്. മുമ്പ് പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കുകയും 2014-ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങുകയും ചെയ്ത റായ് ഉത്തർപ്രദേശിലെ വാരാണസി സീറ്റിൽ നിന്ന് മൂന്നാമതും ജനവിധി തേടുകയാണ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ 4,79,505 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി വൻ വിജയം നേടിയത് . പ്രധാനമന്ത്രി മോദി 6,74,664 വോട്ടുകൾ നേടിയപ്പോൾ അദ്ദേഹത്തിൻ്റെ തൊട്ടടുത്ത എതിരാളിയായ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ശാലിനി യാദവ് 1,95,159 വോട്ടുകൾ നേടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ 3.37 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രി മോദി വിജയം ഉറപ്പിച്ചു, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തി.