ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന പാർട്ടി അധ്യക്ഷൻ സുനിൽ ജാഖർ. ശിരോമണി അകാലി ദളുമായി സഖ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് നടക്കുക. സംസ്ഥാനത്ത് സീറ്റ് വിഭജനത്തിൽ ഇരുപാർട്ടികളും സമവായത്തിലെത്തിയാൽ എസ്എഡിയും ബിജെപിയും തിരഞ്ഞെടുപ്പിന് മുമ്പുള്ള ഉടമ്പടി ഉണ്ടാക്കിയേക്കുമെന്ന് കഴിഞ്ഞയാഴ്ച ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്എഡിയും ബിജെപിയും ഒരുമിച്ച് മത്സരിച്ചെങ്കിലും ആഗ്രഹിച്ച ഫലം നേടാനായില്ല. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുടനീളമുള്ള ബിജെപി അനുകൂല തരംഗത്തെ മറികടന്ന് കോൺഗ്രസ് എട്ട് സീറ്റുകൾ നേടി. ബാക്കിയുള്ള അഞ്ചെണ്ണം ബിജെപി (2), എസ്എഡി (2), ആം ആദ്മി പാർട്ടി എന്നിവ നേടി.