റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കി വ്ളാദിമിർ പുടിന് അഞ്ചാമതും അധികാരത്തിലേരുന്നു. വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പിൽ പുതുമുഖമായ വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തിയതായി ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ മിലിട്ടറിയെ ശക്തിപ്പെടുത്തുമെന്നും യുക്രൈനിലെ പ്രത്യേക സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും അഞ്ചാം വിജയത്തിന് ശേഷം പുടിൻ പ്രതികരിച്ചു. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു.
വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 2000ൽ ആണ് ആദ്യമായി പുടിൻ അധികാരത്തിലേറിയത്. 2004, 2012, 2018 വർഷങ്ങളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.