ശരത് കുമാറിന്‍റെ ഭാര്യയും നടിയുമായ രാധിക ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. തമിഴ്നാട് തൂത്തൂക്കുടിയിൽ കനിമൊഴിയുടെ എതിരാളിയായി രാധികയെ ബിജെപി പരിഗണിക്കുന്നതായി സൂചനകള്‍ പുറത്തുവരുന്നു. ശരത് കുമാറിന്‍റെ പാർട്ടി കഴിഞ്ഞയാഴ്ച ബിജെപിയിൽ ലയിച്ചതിന് പിന്നാലെയാണ് രാധികയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹമുള്ളതിനാലാണ് ബിജെപിക്കൊപ്പം നില്‍ക്കാൻ തീരുമാനിച്ചതെന്ന് നേരത്തേ ബിജെപിയിലേക്ക് വരുന്ന സമയത്ത് ശരത് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
മോദിയുടെ കന്യാകുമാരി റാലിയിൽ രാധികയും ശരത് കുമാറും വേദിയിൽ ഉണ്ടായിരുന്നു. തമിഴ്‍നാട്ടില്‍ സൂപ്പര്‍താരങ്ങള്‍ പ്രത്യക്ഷമായി രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ബിജെപി വേദിയില്‍ ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയായിരുന്നു.
2019ൽ മൂന്നര ലക്ഷത്തോളം വോട്ടുകൾക്ക് കനിമൊഴി ജയിച്ച സീറ്റാണ് തൂത്തുക്കുടി.